എ.ഡി.ജി.പിയുടെ മകൾ സഞ്ചരിച്ച ഓട്ടോ ഡ്രൈവറെ കണ്ടെത്തി

തിരുവനന്തപുരം: പൊലീസ് ഡ‌്രൈവറെ മർദ്ദിച്ച കേസിൽ നിർണായക വഴിത്തിരിവ് സഷ്ടിച്ച്,​ കാണാതായ ഓട്ടോ ഡ്രൈവറെ പൊലീസ് കണ്ടെത്തി. പൊലീസ് ഡ്രൈവർ ഗവാസ്കറെ മർദ്ദിച്ച ശേഷം എ.ഡി.ജി.പി സുദേഷ് കുമാറിന്റെ മകൾ സ്നിഗ്ദ്ധ സഞ്ചരിച്ച ഓട്ടോറിക്ഷയുടെ ഡ്രൈവറെയാണ് പൊലീസ് കണ്ടെത്തിയത്. ഇത് കൂടാതെ ഓട്ടോയും എ.ഡി.ജി.പിയുടെ വാഹനം കടന്നുപോയ പേരൂർക്കടയിലെ സി.സി.ടി.വി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു. പെൺകുട്ടി മൊബൈലുമായി എത്തിയെന്ന് ഓട്ടോഡ്രൈവർ പൊലീസീന് മൊഴി നൽകി. സംഭവത്തിന് ഓട്ടോ ഡ്രൈവർ ദൃക്സാക്ഷിയാണെന്ന് മർദ്ദനമേറ്റ ഗവാസ്കറും മൊഴി നൽകിയിരുന്നു.

എ.ഡി.ജി.പിയുടെ ഭാര്യയേയും മകൾ സ്നിഗ്ദ്ധയേയും കനകക്കുന്നിൽ നടക്കാൻ കൊണ്ടുവന്നപ്പോഴായിരുന്നു സംഭവം. തലേദിവസം സ്നിഗ്ദ്ധയുടെ കായിക ക്ഷമതാ വിദഗ്ദ്ധയുമായി ഗവാസ്കർ സൗഹൃദ സംഭാഷണം നടത്തിയതിൽ അനിഷ്ടം പ്രകടിപ്പിച്ച സ്നിഗ്ദ്ധ അപ്പോൾ മുതൽ ഗവാസ്കറിനെ അസഭ്യം പറയുകയും അപമാനിക്കുകയും ചെയ്തിരുന്നു. സംഭവദിവസം രാവിലെ കനകക്കുന്നിൽവച്ചും സ്നിഗ്ദ്ധ അസഭ്യം പറയൽ തുടർന്നു. ഇതിനെ ഗവാസ്കർ എതിർക്കുകയും ഇനിയും അസഭ്യം പറയൽ തുടർന്നാൽ വാഹനം ഓടിക്കില്ലെന്നും പറഞ്ഞു. ഇതിൽ പ്രകോപിതയായ സ്നിഗ്ദ്ധ വണ്ടിയിൽ നിന്ന് ഇറങ്ങി ഗവാസ്കറിനോട് വാഹനത്തിന്റെ താക്കോൽ ആവശ്യപ്പെട്ടു. എന്നാൽ ഔദ്യോഗിക വാഹനം വിട്ടുനൽകാൻ ഗവാസ്കർ തയ്യാറായില്ല. ഇതോടെ സ്നിഗ്ദ്ധ ഓട്ടോയിൽ കയറിപ്പോയി. എന്നാൽ മൊബൈൽ ഫോൺ എടുക്കാൻ മറന്ന സ്നിഗ്ദ്ധ വീണ്ടും വാഹനത്തിനടുത്തേക്ക് തിരിച്ചെത്തി. വാഹനത്തിൽ നിന്ന് മൊബൈൽ എടുത്ത ശേഷം ഒരു പ്രകോപനവും ഇല്ലാതെ ഗവാസ്‌കറിന്റെ കഴുത്തിൽ മൊബൈൽ വച്ച് ഇടിക്കുകയുമായിരുന്നു. ഇതിന് ഓട്ടോ ഡ്രൈവർ സാക്ഷിയായിരുന്നു. എ.ഡി.ജി.പിയുടെ മകളുടെ അറസ്‌റ്റ് ഒഴിവാക്കാൻ ക്രൈംബ്രാഞ്ച് തീവ്രശ്രമം നടത്തുന്നതായി ആരോപണം ഉയർന്ന സാഹചര്യത്തിലാണ് കേസിലെ മുഖ്യസാക്ഷികളിലൊരാളായ ഓട്ടോ ഡ്രൈവറെ കാണാതായത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!