അഭിമന്യു വധം: മുഖ്യപ്രതികളിൽ ഒരാളായ മുഹമ്മദ് റിഫ പിടിയിൽ

കൊച്ചി: അഭിമന്യു വധത്തിലെ മുഖ്യപ്രതികളിൽ ഒരാൾ കൂടി പിടിയിൽ. ക്യാംപസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി മുഹമ്മദ് റിഫയാണ് പിടിയിലായത്. ബെംഗളൂരുവിൽനിന്നുമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. തലശ്ശേരി സ്വദേശിയായ മുഹമ്മദ് റിഫ നിയമ വിദ്യാർത്ഥിയാണ്. മുഹമ്മദ് റിഫയുടെ നേതൃത്വത്തിലാണ് കൊലയാളി സംഘം മഹാരാജാസ് കോളേജിലേക്കെത്തിയത്.

കേസിലെ ഒന്നാം പ്രതിയും, മഹാരാജാസ് കോളേജിലെ ക്യാംപസ് ഫ്രണ്ട് പ്രവർത്തകനുമായ മുഹമ്മദ് ജെ.ഐ നേരത്തെ പിടിയിലായിരുന്നു. മഹാരാജാസ് കോളേജിലെ മൂന്നാം വർഷ ബിഎ അറബിക് വിദ്യാർത്ഥിയാണ് മുഹമ്മദ്. സംഭവത്തിൽ കൊലയാളി സംഘത്തെ കോളേജിലേക്ക് വിളിച്ചുവരുത്തിയത് ഇയാളാണ്.

അഭിമന്യുവിന്റെ കൊലപാതകത്തില്‍ 15 പ്രതികളുണ്ടെന്നാണ് പൊലീസിന്റെ എഫ്‌ഐആര്‍. അതില്‍ 14 പേരും ക്യാംപസില്‍ നിന്നും പുറത്തു വന്നവരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അക്രമി സംഘം രണ്ട് വട്ടം ക്യാംപസിന്റെ പരിസരത്തെത്തിയെന്നും അതില്‍ 14 പേരും പുറത്തു നിന്നെത്തിയ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൊല നടത്തിയത് കറുത്ത ഫുള്‍കൈ ഷര്‍ട്ടിട്ട പൊക്കം കുറഞ്ഞയാളാണെന്നും റിപ്പോര്‍ട്ടിലുണ്ട്.

മഹാരാജാസ് കോളേജിൽ പ്രവേശനോത്സവത്തിന്റെ ഭാഗമായി പോസ്റ്റർ ഒട്ടിക്കുന്നതിനെ ചൊല്ലിയുണ്ടായ സംഘർഷത്തിലാണ് എസ്എഫ്ഐ നേതാവായ അഭിമന്യു കുത്തേറ്റ് മരിച്ചത്. വിദ്യാർത്ഥികളെ സ്വാഗതം ചെയ്യുന്നതിനായി പോസ്റ്റർ ഒട്ടിക്കുകയായിരുന്നു എസ്എഫ്ഐ പ്രവർത്തകർ. ഈ സമയത്താണ് മുഹമ്മദ് എന്ന ക്യാംപസ് ഫ്രണ്ട് പ്രവർത്തകനായ മഹാരാജാസ് കോളേജ് വിദ്യാർത്ഥി ഒരു സംഘമാളുകളുമായി സ്ഥലത്തെത്തിയത്.

പിന്നീട് കോളേജിനകത്ത് പ്രവേശിച്ച് പോസ്റ്റർ ഒട്ടിക്കാനായി ഇവരുടെ ശ്രമം. ഇത് തടഞ്ഞ എസ്എഫ്ഐ പ്രവർത്തകരുമായി ക്യാംപസ് ഫ്രണ്ട് പ്രവർത്തകർ വാക്കേറ്റമുണ്ടായി. പിന്നീട് ക്യാംപസ് ഫ്രണ്ട് പ്രവർത്തകർ വിളിച്ചതനുസരിച്ച് കൂടുതൽ പേർ സ്ഥലത്തെത്തി. ഇതോടെ വാക്കുതർക്കം കൈയ്യാങ്കളിയിലായി. ഇതിനിടെ ക്യാംപസ് ഫ്രണ്ട് സംഘത്തിലെ ഒരാൾ കത്തിയെടുത്ത് വീശി. ഈ സമയത്ത് എസ്എഫ്ഐ പ്രവർത്തകർ ഭയന്ന് ചിതറിയോടി. പിന്നാലെ വന്ന സംഘം ആദ്യം അഭിമന്യുവിനെയാണ് കുത്തിവീഴ്ത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!