ഷൈന്‍, ഷൈന്‍ ചെയ്തു വീഐപിയായി, തട്ടിച്ചത് നിരവധിപേരെ

തിരുവനന്തപുരം: ഐ.എ.എസ് ഓഫീസർ, ഇത്തിഹാദ് എയർവേയ്സിന്റെ സൗത്ത് ഏഷ്യൻ എച്ച്.ആർ മാനേജർ. തട്ടിപ്പുകൾക്കായി ചിറയിൻകീഴ് പുതുക്കരി നട്ടക്കവിള വീട്ടിൽ ഷൈൻ സത്യപാലന്റെ വേഷപ്പകർച്ച ഇതൊക്കെയായിരുന്നു. ഐ.എ.എസുകാരന്റെ കെട്ടുംമട്ടും. അതിനൊപ്പം വാക്ചാതുരിയും. തട്ടിപ്പുകൾക്കായി വേഷങ്ങൾ കെട്ടിയാടിയപ്പോൾ വീണുപോയി പലരും. യുവതികളെ പാട്ടിലാക്കി വിവാഹത്തട്ടിപ്പും പരീക്ഷിച്ചു. ഒടുവിൽ പൊലീസ് പിടിയിലായപ്പോൾ പുറത്തായത് ഷൈനിന്റെ വീരകൃത്യങ്ങൾ! കേരളത്തിനകത്തും പുറത്തുമായി കഴിഞ്ഞ പത്ത് വർഷത്തിനകം തട്ടിപ്പുകളുടെ പരമ്പര തീർത്ത വീരനാണ് ഷൈൻ. തലസ്ഥാനത്തുൾപ്പെടെ പലസ്ഥലങ്ങളിലും മുമ്പ് പിടിയിലായിട്ടുണ്ടെങ്കിലും പുതിയ പേരുകളിൽ പുത്തൻ നമ്പരുകളുമായി വീണ്ടും രംഗത്തിറങ്ങും.

അച്ഛൻ മിലിട്ടറി ഉദ്യോഗസ്ഥനായിരുന്നതിനാൽ കേന്ദ്രീയ വിദ്യാലയത്തിലായിരുന്നു പഠിച്ചത്. ഉത്തരേന്ത്യയിലായിരുന്നു അച്ഛൻ അധികകാലവും. ഇക്കാലത്ത് സകുടുംബം അവിടങ്ങളിലായിരുന്നതിനാൽ പല ഭാഷകളിലും പ്രാവീണ്യം. ബംഗളൂരുവിൽ എം.ബി.എയ്ക്ക് ചേർന്നെങ്കിലും പൂർത്തിയാക്കിയില്ല. തുടർന്ന് നാട്ടിലെത്തി തട്ടിപ്പ് കൂടെക്കൂട്ടി. ഏഴു വർഷം മുമ്പ് മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിലാണ് ആദ്യം പിടിയിലായത്. എമിറേറ്റ്സ് കമ്പനിയുടെ എച്ച്.ആർ ഹെഡ് ആണെന്ന് വിശ്വസിപ്പിച്ച് ഒരാളുടെ ആഡംബര കാർ കമ്പനി ആവശ്യത്തിനെന്ന പേരിൽ റെന്റിനെടുത്ത് തമിഴ്നാട്ടിൽ കൊണ്ടുപോയി വിറ്റു എന്നായിരുന്നു കേസ്. ജാമ്യത്തിലിറങ്ങിയശേഷം എത്തിയത് കൊച്ചിയിൽ. ഒരു പ്രമുഖ ഹോട്ടലിൽ ചലച്ചിത്ര പ്രവർത്തകൻ എന്നപേരിൽ താമസിച്ചു. അന്ന് ഭാര്യയായി കൂടെയുണ്ടായിരുന്ന സ്ത്രീയുടെ പേരിൽ ഒരു സിനിമാ ബാനറുണ്ടാക്കി. പുതുമുഖങ്ങളെ ആവശ്യമുണ്ടെന്ന് പരസ്യം നൽകി. അഭിനേതാവ് ആകാൻ മോഹിച്ച് എത്തിയവരിൽ നിന്ന് ലക്ഷങ്ങൾ തട്ടി മുങ്ങി. പൊങ്ങിയത് തിരുവനന്തപുരത്ത്. പേരൂർക്കടയിൽ നിന്ന് എമിറേറ്റ്സ് കമ്പനിയുടെ പേരിൽ വാഹനം റെന്റിനെടുത്ത് വിൽക്കാൻ ശ്രമിച്ച കേസിൽ വീണ്ടും പിടിക്കപ്പെട്ടു. ജാമ്യത്തിലിറങ്ങി ആലപ്പുഴയിലെത്തി വിസ തട്ടിപ്പ് നടത്തി. അതിലും കുടുങ്ങി. ഇതിനിടെ ഭർത്താവ് തട്ടിപ്പ് വീരനാണെന്ന് മനസിലാക്കി ഭാര്യ വിവാഹ ബന്ധം വേർപ്പെടുത്തി.

ഉത്തരേന്ത്യ ആയിരുന്നു അടുത്ത താവളം. പഞ്ചാബിലെ പട്യാലയിൽ ഡോ. ഷൈൻ സത്യപാലൻ ഐ.എ.എസ് എന്നപേരിൽ വിലസി. അവിടെ പരിചയപ്പെട്ട യുവതിയെ വിവാഹം ചെയ്ത് ഏതാനും മാസം കഴിഞ്ഞു. ലുധിയാന സ്വദേശിയായ മറ്റൊരു യുവതിയേയും വിവാഹത്തട്ടിപ്പിന് ഇരയാക്കി. പഞ്ചാബ് പൊലീസ് അന്വേഷണം ആരംഭിച്ചതോടെ ഡൽഹിയിലേക്ക് മുങ്ങി. അവിടെ മലയാളി യുവതിയെ വിവാഹത്തട്ടിപ്പിൽ കുടുക്കി.

ഡൽഹി, പഞ്ചാബ് പൊലീസ് അന്വേഷണം ശക്തമാക്കിയപ്പോൾ തിരികെ നാട്ടിലേക്ക്. ഇത്തിഹാദ് എയർവേയ്സ് കമ്പനിയുടെ സൗത്ത് ഏഷ്യ എച്ച്.ആർ മേധാവി എന്ന വേഷമിട്ടു. ഒ.എൽ.എക്സിൽ പരസ്യം നൽകി ഇരകളെ കണ്ടെത്തി. എ​റ​ണാ​കു​ള​ത്ത് യു.​എ.ഇ എംബസി​ക്ക് ഫ്​ളാ​റ്റ് ആ​വ​ശ്യ​മു​ണ്ടെ​ന്ന് പറഞ്ഞ് പരസ്യം നൽകി. രണ്ട് വിദേശമലയാളികൾ ബന്ധപ്പെട്ടു. വ്യാജ എഗ്രിമെന്റ് തയ്യാറാക്കി അവരിൽ നിന്ന് സെ​ക്യൂ​രി​റ്റി ഫീ​സ് എന്ന വ്യാജേന വൻതുക​ ത​ട്ടി. ഇ​ത്തി​ഹാ​ദ് ക​മ്പ​നി​ക്ക് കേ​ര​ള​ത്തി​ലെ ആ​വ​ശ്യ​ത്തി​ന് കാർ ആവശ്യമുണ്ടെന്ന് കാട്ടി ഒ.എൽ.എക്സിൽ പരസ്യം നൽകി അടുത്ത തട്ടിപ്പ്. മാവേലിക്കര സ്വദേശി കോശി പരസ്യം കണ്ട് ബന്ധപ്പെട്ടു. കാർ റെന്റിനെടുക്കാൻ വ്യാജ ലെറ്റർ ഹെഡിൽ എഗ്രിമെന്റ് ഒപ്പുവച്ചു. കോശിയുടെ ബാങ്ക് അക്കൗണ്ടിൽ മൂന്നുമാസത്തെ വാടക ഇനത്തിൽ 90,000 രൂപ മുൻകൂറായി ഓൺ ലൈനായി ട്രാൻസ്ഫർ ചെയ്തതായി ധരിപ്പിച്ചു. പണം അക്കൗണ്ടിൽ എത്തിയതായി വ്യാജ എസ്.എം.എസും മൊബൈലിലേക്ക് അയച്ചു. മൂന്നുമാസം കഴിഞ്ഞിട്ടും പണമോ കാറോ ലഭിക്കാതായപ്പോൾ കോ​ശി, സി​റ്റി പൊ​ലീ​സ് ക​മ്മി​ഷ​ണർ പി. പ്ര​കാ​ശി​ന് പ​രാ​തി നൽകി.

ഷാ​ഡോ പൊ​ലീ​സ് ന​ട​ത്തിയ അ​ന്വേ​ഷ​ണ​ത്തിൽ പിടിവീണു. കോശി പൊലീസിന് സമർപ്പിച്ച രേഖകളിൽ ഷൈനിന്റെ ഫോട്ടോ കണ്ട് തിരിച്ചറിഞ്ഞതാണ് വ​ല​യി​ലാ​ക്കിയത്. കൂ​ടു​തൽ പ​രി​ശോ​ധ​ന​ നടത്തിയപ്പോൾ വ്യാജ അ​ഡ്ര​സി​ലു​ള്ള ആ​ധാർ കാർ​ഡ്, പാൻ കാർ​ഡ്, നി​ര​വ​ധി ഡെ​ബി​റ്റ് – ക്രെ​ഡി​റ്റ് കാർ​ഡു​കൾ, ബാ​ങ്കു​ക​ളു​ടെ പാ​സ് ബു​ക്കു​കൾ, വ്യാജ അ​ക്കൗ​ണ്ട് ബു​ക്കു​കൾ, വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്റെ വ്യാജ ലെ​റ്റർ​പാ​ഡ് എ​ന്നിവ ക​ണ്ടെ​ടു​ത്തു. ഇയാൾ പിടിയിലായ വിവരമറിഞ്ഞ് മുമ്പ് തട്ടിപ്പിന് ഇരയായവർ പൊലീസുമായി ബന്ധപ്പെടുന്നുണ്ട്. കൂടുതൽ ചോദ്യം ചെയ്യുന്നതോടെ മറ്റേതെങ്കിലും മേഖലയിൽ തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന് വ്യക്തമാകുമെന്ന് പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!