ആദ്യമായല്ല വിട്ടുവീഴ്ച യുഡിഎഫിനുള്ളിൽ നടക്കുന്നതെന്ന് ഉമ്മൻ ചാണ്ടി

തിരുവനന്തപുരം: രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസ്-എമ്മിന് വിട്ടുകൊടുത്തതിനെതിരേ ഉയർന്ന ആരോപണങ്ങൾക്കെല്ലാം ചരിത്രം നിരത്തി മറുപടി നൽകി ഉമ്മൻ ചാണ്ടി രംഗത്ത്. ആദ്യമായല്ല ഇത്തരത്തിൽ ഒരു വിട്ടുവീഴ്ച യുഡിഎഫിനുള്ളിൽ നടക്കുന്നതെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു.

കേരള കോണ്‍ഗ്രസ്-എമ്മും മുസ്‌ലിം ലീഗും സമാനമായ വിട്ടുവീഴ്ചകൾ മുൻകാലത്ത് ചെയ്തിട്ടുണ്ട്. മുന്നണി സംവിധാനമാകുന്പോൾ ഇത്തരം വിട്ടുവീഴ്ചകൾ സ്വാഭാവികമാണെന്നും സീറ്റ് വിട്ടുകൊടുത്തത് “ഒറ്റത്തവണത്തേക്ക്’ എന്ന വ്യവസ്ഥയോടെയാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. ഇനിയൊരവസരത്തിൽ രണ്ടു സീറ്റുകൾ യുഡിഎഫിന് ലഭിക്കുന്പോൾ രണ്ടിലും കോണ്‍ഗ്രസ് സ്ഥാനാർഥി തന്നെ മത്സരിക്കുമെന്ന ധാരണയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യസഭാ സീറ്റ് വിട്ടുകൊടുത്തതിനെതിരേ ഉയർന്ന വിമർശനങ്ങളെല്ലാം ഉൾക്കൊള്ളുന്നു. വിമർശിക്കുന്നവർ എല്ലാം അഭിപ്രായപ്പെടുന്നത് കോണ്‍ഗ്രസിന് അർഹമായ സീറ്റ് എന്ന നിലയിലാണ്. ഇക്കാര്യം ശരിയാണെന്നും ടേം അനുസരിച്ച് കോണ്‍ഗ്രസിന് ലഭിക്കേണ്ട സീറ്റ് തന്നെയാണെന്നും എന്നാൽ, ചില പ്രത്യേക സാഹചര്യം പരിഗണിച്ച് സീറ്റ് ഒരുവട്ടം കൂടി കേരള കോണ്‍ഗ്രസിന് നൽകുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

പി.ജെ.കുര്യൻ തനിക്കെതിരേ വിമർശനം ഉന്നയിച്ചത് കാര്യങ്ങൾ മനസിലാക്കാതെയാണ്. ആദ്യമായി അദ്ദേഹം ലോക്സഭയിലേക്ക് മത്സരിക്കുന്പോൾ മുതൽ താൻ നല്ല പിന്തുണ നൽകിയിട്ടുണ്ടെന്നും അദ്ദേഹം രണ്ടാം തവണ രാജ്യസഭയിലേക്ക് പോയപ്പോൾ മാത്രമാണ് താൻ മറിച്ചൊരു അഭിപ്രായം പറഞ്ഞതെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി.

രണ്ടാം തവണ കുര്യൻ രാജ്യസഭയിലേക്ക് മത്സരിക്കാൻ തയാറെടുത്തപ്പോൾ താൻ അദ്ദേഹത്തോട് മലബാറിൽ നിന്നൊരു പ്രതിനിധിക്ക് വേണ്ടി സീറ്റ് നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അദ്ദേഹം വഴങ്ങാതെ വന്നതോടെ തന്‍റെ വിയോജിപ്പോടു കൂടി അദ്ദേഹത്തിന്‍റെ പേര് കൂടി അന്ന് ഹൈക്കമാൻഡിന് നൽകുകയായിരുന്നു. ഇങ്ങനെ എല്ലാം ഘട്ടത്തിലും അദ്ദേഹത്തെ താൻ സഹായിച്ചിട്ടേയുള്ളൂ എന്നും എന്തൊക്കെ സഹായം ചെയ്തുവെന്ന് പരസ്യമായി പറയുന്നില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

രാജ്യസഭാ സീറ്റ് വിട്ടുകൊടുത്തത് കേരളത്തിൽ ബിജെപിയെ സഹായിക്കുമെന്ന വി.എം.സുധീരന്‍റെ അഭിപ്രായവും അദ്ദേഹം തള്ളി. സുധീരന്‍റേത് അദ്ദേഹത്തിന്‍റെ മാത്രം അഭിപ്രായമാണെന്നും താൻ അങ്ങനെ കരുതുന്നില്ലെന്നും വസ്തുതകൾ മനസിലാക്കാതെയാണ് അദ്ദേഹം വിമർശിക്കുന്നതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

രാജ്യസഭാ സീറ്റ് വീട്ടുകൊടുത്ത തീരുമാനം ഹൈക്കമാൻഡ് എടുത്തതല്ല. കെപിസിസി നേതൃത്വം എടുത്ത തീരുമാനത്തിന് ഹൈക്കമാൻഡ് അംഗീകാരം നൽകുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കെ.എം.മാണിയുടെ വരവോടെ യുഡിഎഫ് കൂടുതൽ കരുത്താർജിക്കുമെന്നും ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത പൊതുതെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിക്ക് ശക്തി പകരാൻ കേരളത്തിലെ യുഡിഎഫ് സംവിധാനത്തിന് കഴിയുമെന്നും ഇന്ന് ഇന്ത്യയിൽ ബിജെപിയെ നേരിടാൻ കഴിവുള്ള പാർട്ടി കോണ്‍ഗ്രസ് മാത്രമാണെന്നും ഉമ്മൻ ചാണ്ടി അവകാശപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!