കോൺഗ്രസ്-ജെഡിഎസ് എംഎൽഎമാർക്ക് പണവും പദവിയും വാഗ്‌ദാനം ചില എംഎൽഎമാർക്ക് മന്ത്രിസ്ഥാനമാണ് ബിജെപി വാഗ്‌ദാനം നൽകിയിരിക്കുന്നത്

ബെംഗളൂരു: കർണാടകയിൽ സർക്കാർ രൂപീകരിക്കാൻ ബിജെപി ചരടുവലികൾ തുടങ്ങിക്കഴിഞ്ഞു. കോൺഗ്രസ്-ജെഡിഎസ് എംഎൽമാരിൽനിന്നും ചിലരെ സ്വപക്ഷത്തേക്ക് എത്തിക്കാനാണ് ബിജെപി ശ്രമം. ഇതിന് ചില എംഎൽഎമാർക്ക് മന്ത്രിസ്ഥാനമാണ് ബിജെപി വാഗ്‌ദാനം നൽകിയിരിക്കുന്നത്.

അഞ്ചു എംഎൽഎമാർ ബിജെപിക്ക് ഒപ്പം ചേരാമെന്ന് സമ്മതം മൂളിയതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
അതിനിടെ കോൺഗ്രസ് നിയമസഭാ കക്ഷിയോഗത്തിന് ചില എംഎൽഎമാർ എത്തിയിട്ടില്ല. രാജ്ശേഖർ പാട്ടിൽ, നാഗേന്ദ്ര, ആനന്ദ് സിങ് എന്നിവരാണ് യോഗത്തിന് എത്താതിരുന്നത്. ഇതിൽ ആനന്ദും നാഗേന്ദ്രയും ബിജെപിയുമായി അടുത്ത ബന്ധം പുലർത്തുന്ന റെഡ്ഡി സഹോദരങ്ങളുമായി അടുപ്പമുളളവരാണ്.

നിയമസഭാ കക്ഷി യോഗം കഴിഞ്ഞാൽ എംഎൽഎമാരെയെല്ലാം ഏതെങ്കിലും ഹോട്ടലിലേക്ക് മാറ്റാനാണ് കോൺഗ്രസ് നീക്കം. 78 എംഎൽഎമാരിൽ 66 പേരാണ് ഇതുവരെ എത്തിയത്.
ബെംഗളൂരുവിലെ ഫൈവ് സ്റ്റാർ ഹോട്ടലിൽ ചേരുന്ന ജെഡിഎസ് എംഎൽഎമാരുടെ യോഗത്തിന് രണ്ടുപേർ എത്തിയില്ല. രാജ വെങ്കടപ്പ നായക, വെങ്കട്ട റാവു നടഗൗഡ എന്നിവരാണ് യോഗത്തിന് എത്താതിരുന്നത്.

ബിജെപി നേതാക്കൾ തന്നെ സമീപിച്ചതായി കോൺഗ്രസ് എംഎൽഎ വെളിപ്പെടുത്തിയിട്ടുണ്ട്. ബിജെപി നേതാക്കൾ ഫോണിലൂടെ സംസാരിച്ചിരുന്നു. ഞങ്ങൾക്കൊപ്പം വന്നാൽ മന്ത്രി സ്ഥാനം നൽകാമെന്ന് പറഞ്ഞു. പക്ഷേ ഞാൻ വാഗ്‌ദാനം നിരസിച്ചു. ഞാൻ എങ്ങോട്ടും പോകില്ല. കുമാരസ്വാമിയാണ് ഞങ്ങളുടെ മുഖ്യമന്ത്രി അമരേഗൗഡ ലിങ്കാനഗൗഡ പാട്ടിൽ പറഞ്ഞു.

നാലോ അഞ്ചോ ജെഡിഎസ് എംഎൽഎമാരെ ബിജെപി നേതാക്കൾ സമീപിച്ചതായി ജെഡിഎസ് എംഎൽഎ സർവണ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, കോൺഗ്രസ് എംഎൽഎമാർ ആരും തന്നെ ബിജെപി ക്യാംപിലേക്ക് പോയിട്ടില്ലെന്ന് സിദ്ധരാമയ്യ പറഞ്ഞു.

എല്ലാ എംഎൽഎമാരും കോൺഗ്രസിനൊപ്പം തന്നെയുണ്ട്. സർക്കാർ രൂപീകരിക്കുമെന്ന് പൂർണ വിശ്വാസമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
അതിനിടെ ബിജെപി നിയമസഭാ കക്ഷിയായി ബി.എസ്.യെഡിയൂരപ്പയെ തിരഞ്ഞെടുത്തു. യെഡിയൂരപ്പ ഇന്നു ഗവർണറെ കാണുമെന്നും പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!