പ്രവാസികളെ, നാട്ടില്‍ ഫ്ലാറ്റ് വാങ്ങിയിടും മുന്‍പ് ഒന്നലോജിക്കു

പ്രവാസികള്‍ വലിയ പ്രതീക്ഷകളോടെയാണ് കേരളത്തിലെ പ്രമുഖ നഗരങ്ങളില്‍ ഒരു ഫ്ലാറ്റ് വാങ്ങുന്നതിനായി ബുക്കിംഗ് നടത്തി ലോൺ തരപ്പെടുത്തി ലക്ഷങ്ങൾ ഫ്ലാറ്റ് നിർമ്മാതാക്കൾക്കായി നല്‍കുന്നത്. വര്‍ഷങ്ങള്‍ക് ശേഷവും പണി പൂർത്തിയായി ലഭിക്കില്ലന്നു മാത്രമല്ല  ഗള്‍ഫില്‍ വല്ല സാമ്പത്തിക പ്രതിസണ്ടികളില്‍ അകപെട്ടാല്‍ ഉള്ള സമാധാനവും നഷ്ട്ടമാകും

ഇനി വാങ്ങിയ ഫ്ലാറ്റ് ചുമ്മാ കിടക്കണ്ടല്ലോ എന്ന് കരുതി വാടകക്ക് നല്‍കിയാലോ ഗള്‍ഫ്‌ മതിയാക്കി നാട്ടില്‍ സെറ്റില്‍ ചെയ്യാമെന്ന് കരുതി വാടകക്കാരെ ഒഴിപ്പിക്കാന്‍ നോക്കിയാല്‍ ഒഴിയണം എന്നില്ല.  ഒഴിപ്പിക്കുവാൻ കോടതിയെ സമീപിക്കേണ്ടിവരും

പ്രമുഖ നഗരങ്ങളിൽ ഒരു ഫ്ലാറ്റു വാങ്ങുക അതൊരു അസറ്റല്ലേ എന്ന് കരുതുന്ന പ്രവാസികൾ ഇന്നും ഉണ്ട്. ജീവിത സമ്പാദ്യവും പോരാത്തതിനു കടവും വാങ്ങിയാണ് മിക്കവരും ഫ്ലാറ്റുകൾ സ്വന്തമാക്കുന്നത്. എന്നാൽ യദാർഥത്തിൽ ഇതൊരു അസറ്റാണോ എന്ന് സൂക്ഷ്മമായി വിലയിരുത്തുവാൻ പലരും തയ്യാറാകുന്നില്ല. പരസ്യങ്ങളുടേയും തെറ്റായ നിഗമനങ്ങളുടേയും അടിസ്ഥാനത്തിൽ ആണ് പലരും മുന്നും പിന്നും നോക്കാതെ പറയുന്ന പണം നൽകി ഫ്ലാറ്റുകളും വില്ലകളും വാങ്ങുന്നത്.

ലോണെടുക്കുവാനുള്ള ഫോർമാലിറ്റികളൊക്കെ ഫ്ലാറ്റു നിർമ്മാതാക്കലൊ ഏജന്റുമാരൊ എളുപ്പമാക്കിത്തരും. എന്നാൽ മിഡിൽക്ലാസ് മുടക്കുന്ന 45 – 70 ൽക്ഷം മുതൽ കോടികൾ മുടക്കുന്ന അപ്പർ ക്ലാസുവരെ തങ്ങൾ നടത്തുന്ന നിക്ഷേപത്തിന്റെ യദാർഥ മൂല്യത്തെ പറ്റിയോ ആ ഫ്ലാറ്റ് വിറ്റാൽ ലഭിക്കുന്ന തുകയെ കുറിച്ചോ ചിന്തിക്കാറുണ്ടോ? ലോണെടുക്കുന്നവർ അതിന്റെ തിരിച്ചടവ് തങ്ങളുടെ ജീവിതത്തിൽ ഏതു വിധത്തിൽ ബാധിക്കുമെന്നോ ശരിയായ രീതിയിൽ വിലയിരുത്താറുണ്ടോ?

ഒരു പ്രവാസി നാല്പത് ലക്ഷത്തിന്റെ ഒരു ഫ്ലാറ്റ് വാങ്ങിയാൽ അത് തിരിച്ചടക്കുവാനായി പത്തുവർഷം ശരാശരി 35,000 മുതൽ 45,000 വരെ പ്രതിമാസം നൽകേണ്ടി വരും. അതായത് ഇന്ന് 35 വയസ്സുള്ള ഒരാൾക്ക് 45 വയസ്സുവരെ ഈ തിരിച്ചടവ് ഒരു ബാധ്യതയായി കിടക്കും. ഇന്ന് കേരളത്തിലെ റീയൽ എസ്റ്റേറ്റ് മേഖല ആകെ തളർന്നു കിടക്കുകയാണ്. ഒപ്പം ഫ്ലാറ്റുകളുടേയും മറ്റും ലഭ്യത ആവശ്യത്തിലധികവും. ഈ സാഹചര്യത്തിൽ പത്തു വർഷം കഴിഞ്ഞാൽ ഇപ്പോൾ മുടക്കിയ മുതലും അതിന്റെ പലിശയും ചേർത്താൽ അന്നത്തെ വിപണിവിലയും പണത്തിന്റെ മൂല്യവും അനുസരിച്ച് ലാഭം ആകണമെന്നില്ല. മാത്രമല്ല കാലപ്പഴക്കം മൂലം ഫ്ലാറ്റിന്റെ ഡിമാന്റിനു ഇടിവും സംഭവിക്കും.

ഇനി വാടകക്ക് നൽകി ലോണിന്റെ തിരിച്ചടവ് നടാത്താമെന്ന് കരുതിയാൽ തന്നെ ഇന്ന് എറണാകുളം ഉൾപ്പെടെ കേരളത്തിലെ പ്രമുഖ നഗരങ്ങളിൽ പ്രവാസികൾ വാങ്ങിക്കൂട്ടിയ ഫ്ലാറ്റുകളുടെ വാടക ഒന്ന് അന്വേഷിച്ചു നോക്കിയാൽ ഏകദേശ ധാരണ കിട്ടും. തൃക്കാക്കരയിൽ അത്യാവശ്യം സൗകര്യങ്ങൾ ഉള്ള ഒന്നേകാൽ കോടിയുടെ ഫ്ലാറ്റിനു വാടക 35,000 ആണെന്ന് പറയുമ്പോൾ ബാക്കിയുള്ളവയുടെ അവസ്ഥ ഊഹിക്കാമല്ലൊ.  ഫ്ലാറ്റ് വാടകക്ക് നൽകിയാൽ വാടകക്കാരൻ ഒഴിഞ്ഞില്ലെങ്കിൽ ഉണ്ടാകുന്ന പുലിവാലുകൾ.

പ്രവാസികൾ ജീവിക്കുന്ന വിദേശ രാജ്യങ്ങളിലെ പോലെ അല്ല ഇന്ത്യയിലെ കോടതിവ്യവഹാരങ്ങളും വാടകക്ക് നൽകുന്നതു സംബന്ധിച്ചുള്ള നിയമങ്ങളും. വാടകക്കാരനെ ഒഴിപ്പിക്കുവാൻ കോടതിയിൽ പോയാൽ അത് വർഷങ്ങൾ നീണ്ടുനിൽക്കാവുന്ന വ്യവഹാരമായി മാറാനിടയുണ്ട്. മാത്രമല്ല പലപ്പോഴും ഒഴിപ്പിക്കുന്നതിനുള്ള കാരണവും ബോധിപ്പിക്കണം. അതായത് തനിക്ക് താമസിക്കുവാനെന്നോ അല്ലെങ്കിൽ കെട്ടിടം ഭാഗികമായോ പൂർണ്ണമായോ രൂപമാറ്റം വരുത്തുന്നതിനെന്നോ മറ്റോ. ഈ വ്യവഹാര കാലയളവിൽ ഫ്ലാറ്റിനു വാടക ലഭിക്കണമെന്നുമില്ല മറ്റൊരാൾക്ക് വിൽക്കുന്നതിനും ബുദ്ധിമുട്ടാണ്.

ഇതും പോരാതെയാണ് വാടകക്കെടുക്കുന്നവർ നടത്തുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾ ഉണ്ടാക്കുന്ന പൊല്ലാപ്പുകൾ. അവർ വല്ല ക്രിമിനൽ കേസുകളിൽ പ്രതികളോ, മയക്കുമരുന്ന് കള്ളനോട്ട് ഇടപാടുകാരോ അതല്ലെങ്കിൽ പെൺവാണിഭ-ബ്ലൂഫിലിം നിർമ്മാണക്കാരോ ആണെങ്കിൽ പ്രവാസിയായ വീട്ടുടമക്ക് ഉണ്ടാകുന്ന സാമ്പത്തികവും- മാനസികവും – നിയമപരവുമായ പ്രശ്നങ്ങൾ അനവധിയാണ്. ഇതിനേക്കാൾ അപകടകരമാണ് വീടു വാടകക്ക് എടുത്തത് തീവ്രവാദി ബന്ധമുള്ളാരാണെങ്കിൽ ഉണ്ടാകുക. അത്തരക്കാർ കേരള സമൂഹത്തിലും ഉണ്ട് എന്നാണ് വാർത്തകളും അറസ്റ്റുകളും സൂചിപ്പിക്കുന്നത്. വൻ തുകകൾ കടമെടുക്കുന്ന പ്രവാസികൾ ജാഗ്രത പാലിക്കുക.

ആപ്പിൾ എ ഡേ പോലെ ഉള്ള തട്ടിപ്പു കമ്പനിക്കാർ പ്രവാസികളിൽ പലരുടേയും പണം മാത്രമല്ല തട്ടിച്ചത് മറിച്ച് പ്രായമായ മാതാപിതക്കൾ ഫ്ലാറ്റ് വാങ്ങുന്ന തലമുറ അവരുടെ കൊച്ചു കുട്ടികൾ എന്നിങ്ങനെ മൂന്ന് തലമുറയുടെ ജീവിതത്തെ ദുരിതത്തിലാക്കുകകൂടെയാണ് ചെയ്തത്. ഗൾഫിൽ നിലവിലുള്ള തൊഴിൽ സാഹചര്യത്തിൽ കടബാധ്യതകൾ വരുത്തുന്നത് പരമാവധി ഒഴിവാക്കണമെന്ന് അനുഭവസ്ഥരും സാമ്പത്തിക-തൊഴിൽ രംഗത്തെ ഉപദേശകരുമെല്ലാം വീണ്ടും വീണ്ടും മുന്നറിയിപ്പു നൽകുമ്പോഴും ലഭ്യമാകുകയാണെങ്കിൽ കടം വാങ്ങുന്നതിനുള്ള അഭിവാഞ്ച പ്രവാസികളെ വിട്ടൊഴിയുന്നില്ല.

എപ്പോൾ വേണമെങ്കിലും നഷ്ടമാകാവുന്നതാണ് ഇന്നത്തെ നിലക്ക് പ്രവാസിയുടെ ജോലി. ഉള്ളത് നഷ്ടപ്പെട്ടാൽ പ്രത്യേകിച്ച് 35 വയസ്സിനു മുകളിൽ ഉള്ളവർക്ക് മികച്ച ശമ്പളത്തോടെ പുതിയ ഒരു ജോലി ലഭിക്കുന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. പരസ്യങ്ങളിലും മറ്റും വഞ്ചിതരാകാതെ അവനവന്റെ സാമ്പത്തിക നിലയെ പറ്റി കൃത്യമായ ബോധത്തോടെ, ഭാവിയെ കുറിച്ച് നല്ല പോലെ ചിന്തിച്ച് മാത്രം കടമെടുത്ത് നിക്ഷേപമോ ചിലവുകളോ നടത്തുക. പിഴവ് പറ്റിയാൽ ഒരു വ്യക്തിക്കല്ല നാലോ അഞ്ചൊ പേരടങ്ങുന്ന കുടുമ്പത്തിനാണ് അതിന്റെ ദുരിതം നേരിട്ട് അനുഭവിക്കേണ്ടതായി വരിക.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!