ശ്രീജിത്തിന്റെ ഉരുട്ടിക്കൊലയെന്ന് സംശയം

കൊച്ചി:  ശ്രീജിത്തിനെ മൂന്നാം മുറയ്ക്ക് വിധേയനാക്കിയെന്നതിന്റെ തെളിവുകൾ പുറത്ത്. ലാത്തിപോലുളള ഉരുണ്ട വസ്തു ഉപയോഗിച്ച് ലോക്കപ്പിനുളളിൽ ഉരുട്ടിയെന്നാണ് പോസ്റ്റുമാർട്ടം റിപ്പോർട്ടിൽ നിന്ന് വ്യക്തമാകുന്നത്. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത തേടി മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ ക്രൈം ബ്രാ‌ഞ്ച് തീരുമാനിച്ചു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശ്രീജിത്തിന്‍റെ കുടുംബവും രംഗത്തെത്തി

വരാപ്പുഴ പൊലീസിന്‍റെ കസ്റ്റഡിയിൽവെച്ചാണ് ശ്രീജിത്തിന് മരണകാരണമായ മർദനമേറ്റതെന്ന നിഗമനത്തിലാണ് പ്രത്യേക അന്വേഷണസംഘം. കടുത്ത ഇടിയിലോ തൊഴിയിലോ ചെറുകുടൽ പൊട്ടിയതുമാത്രമല്ല ലോക്കപ്പിനുളളിൽ വെച്ച് കടുത്ത പൊലീസ് മുറകൾക്കും വിധേയനായി. പോസ്റ്റുമാർടം റിപ്പോർട് അനുസരിച്ച് രണ്ടു തുടകളുടെയും മുകളിലായി ഒരേ പോലെയുളള ചതവിന്‍റെ പാടുകൾ കണ്ടെത്തിയിട്ടുണ്ട്. എന്തെങ്കിലും വസ്തുകൊണ്ട് അടിച്ചതാണെങ്കിൽ ശരീരത്തിന് പുറത്ത് ചതവിന്‍റെ പാട് കാണം.

എന്നാൽ ശ്രീജിത്തിന്‍റെ ശരീരത്തിൽ രണ്ട് തുടകളിലേയും മാംസത്തിനുളളിലാണ് ചതവേറ്റിരിക്കുന്നത്. ലാത്തിപോലുളള ഉരുണ്ട വസ്തു ഉപയോഗിച്ച് തുടകൾക്കുമുകളിൽ ഉരുട്ടിയതാണ് എന്ന നിഗമനത്തിലാണ് അന്വേഷണസംഘവും ഫൊറൻസിക് വിദഗ്ധരും. ഇക്കാര്യത്തിൽ വ്യക്തത തേടിയാണ് 5 അംഗ മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ അന്വേഷണസംഘം ഡിഎംഇക്ക് കത്തു നൽകുന്നത്. സംഭവം നടന്ന് പത്തുദിവസമായിട്ടും പ്രതികളാരെന്ന് പോലും കണ്ടെത്താനാകാത്ത സാഹചര്യത്തിലാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശ്രീജിത്തിന്റെ കുടുംബം രംഗത്തെത്തിയത്

കേസിൽ എറണാകുളം റൂറൽ എസ്പി അടക്കമുളളവരുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ആലുവ എസ് പി ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ പൊലീസ് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചു. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ എൻ രാധാകൃഷ്ണൻ നടത്തിവന്ന 24 മണിക്കൂർ ഉപവാസസമരം കൊച്ചിയിൽ സമാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!