ഫെയ്സ്ബുക്ക്: ഇന്ത്യക്കാരുടെ വിവരങ്ങൾ ചോർന്നത് ഇങ്ങനെ

ഇന്ത്യയിൽ നിന്ന് 562,455 പേരുടെ വിവരങ്ങൾ ചോർത്തിയതായി ഫെയ്സ്ബുക്ക് ഔദ്യോഗികമായി സമ്മതിച്ചിരിക്കുന്നു. കാംബ്രിഡ്ജ് അനലിറ്റിക്ക ഏറ്റവും അധികം വിവരങ്ങൾ ശേഖരിച്ച ആറാമത്തെ രാജ്യമാണ് ഇന്ത്യ. കാംബ്രിഡ്ജ് അനലിറ്റിക്ക വിവരശേഖരണത്തിന് അമേരിക്കയിൽ ഉപയോഗിച്ച ദിസ് ഈസ് യുവർ ഡിജിറ്റൽ ലൈഫ് എന്ന ആപ്ലിക്കേഷനിലൂടെയാണ്

ഇവിടെയും വിവരങ്ങൾ ശേഖരിച്ചിരിക്കുന്നത്. അലക്സാണ്ടർ കോഗൻ എന്ന ശാസ്ത്രജ്ഞനാണ് ഈ ആപ്ലിക്കേഷൻ വികസിപ്പിച്ചെടുത്തത്. നിങ്ങളുടെ ഡിജിറ്റൽ ലൈഫ് എന്താണെന്ന്  പറഞ്ഞുതരാമെന്ന വാഗ്ദാനം നൽകുന്നൊരു ഫെയ്സ്ബുക്ക് ആപ്ലിക്കേഷനാണ് ദിസ് ഈസ് യുവർ ഡിജിറ്റൽ ലൈഫ്.

2013 നവംബറിലാണ് ഈ ആപ്ലിക്കേഷൻ ഫെയ്സ്ബുക്കിൽ പ്രത്യക്ഷപ്പെട്ടത്. ലോകത്താകമാനം ലക്ഷക്കണക്കിന് പേർ ഈ ആപ്ലിക്കേഷൻ ഉപയോഗപ്പെടുത്തി. ഫെയ്സ്ബുക്കിലെ വിവരങ്ങൾ ശേഖരിച്ചോട്ടെയെന്ന  ആപ്ലിക്കേഷനിലെ  ചോദ്യം വായിക്കാതെ തന്നെ യെസ് എന്ന് പലരും ഉത്തരവും നൽകി. പക്ഷെ കോഗന്റെ ആപ്ലിക്കേഷൻ ഇവരുടെ മാത്രം വിവരങ്ങളല്ല യഥാർത്ഥത്തിൽ ശേഖരിച്ചത്.  ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത ആൾക്കാരുടെ ഫ്രണ്ട്സ്  ലിസ്റ്റിൽ ഉൾപ്പെട്ട മുഴുവൻ പേരുടെ വിവരങ്ങളും ആപ്ലിക്കേഷനിലൂടെ ശേഖരിക്കപ്പെട്ടുവെന്നാണ് പുറത്തു വരുന്ന വിവരം. ഇന്ത്യയിൽ ആകെ 335 പേരാണ് ആപ്ലിക്കേഷൻ ഉപയോഗിച്ച് സ്വന്തം ഡിജിറ്റൽ ലൈഫ് അറിയാൻ ശ്രമിച്ചത്. പക്ഷെ ഇത്രയും പേരുടെ ഫെയ്സ്ബുക്ക് സുഹൃത്തുക്കളായിരുന്ന 562,120 പേരുടെ വിവരങ്ങൾ കൂടി  അനുവാദമില്ലാതെ കോഗന്റെ ആപ്ലിക്കേഷൻ ചോർത്തിയെടുത്തു.  2013 നവംബർ മുതൽ 2-015 മേയ് വരെയാണ്  ഈ ചോർത്തൽ നടന്നിരിക്കുന്നത്.

ലോകത്താകമാനം  8കോടി 70 ലക്ഷം പേരുടെ വിവരങ്ങൾ കാംബ്രിഡ്ജ് അനലിറ്റിക്ക ശേഖരിച്ചുവെന്നുള്ള വിവരമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.  ട്രംപിന്റെ വിജയത്തിനായി അമേരിക്കയിൽ തെരഞ്ഞെടുപ്പിൽ ഇടപെടാനാണ് കാംബ്രിഡ്ജ് അനലിറ്റിക്ക കൂടുതൽ വിവരങ്ങളും ഉപയോഗിച്ചത്. ഏഴ് കോടിയിലധികം പേരുടെ വിവരമാണ് അമേരിക്കയിൽ നിന്ന് ശേഖരിച്ചത്. അമേരിക്കയ്ക്ക് പുറമെ ഫിലിപ്പൈൻസ്, ഇന്തോനേഷ്യ, ബ്രിട്ടൺ, മെക്സിക്കോ, കാനഡ , ഇന്ത്യ,ബ്രസീൽ, വിയറ്റ്നാം, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലെ ഉപഭോക്താക്കളിൽ നിന്നാണ് വിവരങ്ങൾ ശേഖരിച്ചിരിക്കുന്നത്.

ഞാൻ ഫെയ്സ്ബുക്കിൽ ഇതുവരെ ഒരു ആപ്ലിക്കേഷനും ഉപയോഗിച്ചിട്ടില്ലല്ലോ എന്ന്  ആശ്വസിക്കാൻ ഒരാൾക്കും കഴിയില്ല എന്നാണ് കാംബ്രിഡ്ജ് അനലിറ്റിക്ക നൽകുന്ന പാഠം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!