കണ്ണിന്റെ ആരോഗ്യത്തിന് ആയുര്‍വേദം

ആയുര്‍വേദ ചികിത്സാ ശാസ്ത്രത്തില്‍ നേത്രചികിത്സയെ ശാലാക്യ (ഇ.എന്‍.ടി) വിഭാഗത്തില്‍ ഉള്‍പെടുത്തിയിരിക്കുന്നു. കണ്ണിന്റെ ഓരോ ഭാഗത്തുമുള്ള രോഗങ്ങളെ വിശദമായി മനസിലാക്കി ശാസ്ത്രീയമായി ചികിത്സിക്കുന്നു. 

കേരളത്തിലെ ഒട്ടുമിക്ക ആയുര്‍വേദ ആശുപത്രികളിലും നേത്രചികിത്സ ലഭ്യമാണ്. നേത്രരോഗങ്ങള്‍ പിടിപെടാതെ പ്രതിരോധമാര്‍ഗങ്ങള്‍ക്കാണ് ആയുര്‍വേദം പ്രാധാന്യം കല്പിക്കുന്നത്. തെറ്റായ ആഹാരങ്ങള്‍ ശരീരത്തിന് ഹാനികരമാകുന്നപോലെ നേത്ര ആരോഗ്യത്തെയും നശിപ്പിക്കും.

കംപ്യൂട്ടര്‍ അധിഷ്ഠിത തൊഴില്‍, ടി.വി, മൊബൈല്‍ ഫോണ്‍, ഉറക്കമിളച്ചുള്ള ജോലികള്‍, നൈറ്റ് ഡ്യൂട്ടി, അസമയത്തുള്ള ഉറക്കം, കുട്ടികളിലെ വ്യായാമക്കുറവ്, ഉഴുന്ന്, തൈര്, എണ്ണയില്‍ പൊരിച്ച ആഹാരം, മത്സ്യം, പഴകിയതും ദഹിക്കാന്‍ ബുദ്ധിമുട്ടുമുള്ള ആഹാരം, വിരുദ്ധാഹാരങ്ങള്‍, മസാലകള്‍ ചേര്‍ന്നതും ഉള്‍പ്പുഴുക്കുണ്ടാക്കുന്ന ആഹാരങ്ങളും, പൊടി, പുക, പ്രമേഹം, രക്തസമ്മര്‍ദം എന്നീ രോഗങ്ങളും നേത്രരോഗങ്ങള്‍ക്ക് കാരണമാകുമെന്ന് ആയുര്‍വേദം മുന്നറിയിപ്പു നല്‍കുന്നു.

കണ്ണിനുണ്ടാകുന്ന തകരാറുകള്‍ പലതുണ്ട്. ലക്ഷണങ്ങളിലൂടെ ഇവ തിരിച്ചറിയാനാവും.

അഭിഷന്ദ്യം
ചെങ്കണ്ണ് എന്നറിയപ്പെടുന്ന അഭിഷന്ദ്യം സര്‍വസാധാരണ കണ്ടുവരുന്ന നേത്രരോഗമാണ്. കണ്ണിന് ചുവപ്പു നിറവും, വീക്കവും, വേദനയും, കണ്ണുനീര്‍ സ്രാവവും കൂടിചേര്‍ന്ന് വരുന്ന രോഗലക്ഷണമാണിത്. പൊടി, പുക ഇവയുടെ സമ്പര്‍ക്കംമൂലമോ, വിവിധതരം ബാക്ടീരിയ മൂലമോ ഈ രോഗം ഉണ്ടാകുന്നു.

രോഗകാരണം മനസിലാക്കി നേത്രരോഗ വിദഗ്ധന്റെ നിര്‍ദേശപ്രകാരം മാത്രമേ ചികിത്സിക്കാവൂ. വൈറസുകള്‍ മൂലമുണ്ടാകുന്ന രോഗത്തിന് പൂര്‍ണവിശ്രമം വേണം. കണ്ണിനെ വൃത്തിയായി സൂക്ഷിക്കണം.

ഉണക്കമുന്തിരി, പാച്ചോറ്റിത്തൊലി, മരമഞ്ഞള്‍, ഇരട്ടിമധുരം ഇവ ചേര്‍ത്ത് തിളപ്പിച്ച വെള്ളം തണുത്ത ശേഷം കണ്ണില്‍ ധാര ചെയ്യാവുന്നതാണ്. പൊടി, പുക എന്നിവ കൊണ്ടുള്ള അസ്വസ്ഥതയ്ക്ക് ത്രിഫല കഷായം ഉപയോഗിച്ച് കണ്ണ് വൃത്തിയാക്കാവുന്നതാണ്. ബാക്ടീരിയയുടെ സ്വഭാവം അനുസരിച്ചുള്ള ഔഷധങ്ങളും അകത്തു കഴിക്കാനുള്ള മരുന്നുകളും ആവശ്യമായി വരും.

ഷട്ടില്‍ കോക്ക്, ബോളുകള്‍, ആഘാതങ്ങള്‍ ഇവ മൂലം കണ്ണിനുണ്ടാകുന്ന ക്ഷതങ്ങള്‍ക്ക് അവയുടെ തകരാറുകള്‍ കണക്കാക്കിയാണ് ചികിത്സ നിശ്ചയിക്കുക. കനത്ത ആഘാതം നേത്രഗോളത്തിന് ഗുരുതരമായ നാശത്തിനു കാരണമായേക്കാം. അങ്ങനെയെങ്കില്‍ അടിയന്തര ചികിത്സയ്ക്ക് ഉടന്‍ വൈദ്യസഹായം തേടേണ്ടതാണ്.

രക്തസ്രാവം
ക്ഷതം, ശക്തിയായ തുമ്മല്‍, രക്താതിസമ്മര്‍ദ്ദം എന്നിവ മൂലം കണ്ണിന്റെ വെളുത്ത ഭാഗത്തെ ചെറിയ രക്തക്കുഴലുകള്‍ പൊട്ടി രക്തം കെട്ടിനില്‍ക്കുന്ന അവസ്ഥയാണിത്. </p>
<p>രണ്ട് മൂന്നു ആഴ്ചയ്ക്കുള്ളില്‍ പ്രത്യേക ചികിത്സയില്ലാതെ ഈ പ്രശ്‌നം തനിയെ മാറുന്നതാണ്. നേത്രഗോളത്തിനകത്ത് രക്തസ്രാവം ഉണ്ടായിട്ടുണ്ടോ എന്ന് അറിയാന്‍ വിദഗ്ധ പരിശോധന ആവശ്യമാണ്.

 ദൃഷ്ടിപടലത്തിലെ മുറിവുകള്‍
പത്രക്കടലാസ്, തുണി, മണല്‍തരികള്‍, പൊടികള്‍ ഇവയുടെ സ്പര്‍ശം കൊണ്ട് കണ്ണിന്റെ കറുപ്പില്‍ മുറിവുണ്ടാകുന്നത് സാധാരണയാണ്. തന്മൂലം കണ്ണിന് വേദന, ചുവപ്പ്, കണ്ണു നീര്‍സ്രാവം, കാഴ്ച തെളിവ് കുറവ്, വെളിച്ചത്തില്‍ നോക്കാന്‍ പ്രയാസം, കണ്ണടയുക തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നു. വിദഗ്ധ ചികിത്സ വേണ്ട സാഹചര്യമാണിത്.

കണ്ണില്‍ അണുനാശക ശക്തിയുള്ള ഔഷധങ്ങള്‍ ഉപയോഗിക്കണം. ഏതാനും ദിവസങ്ങള്‍ കൊണ്ട് ഇത് ഭേദമാകും. മുറിവില്‍ അണുബാധയുണ്ടായാല്‍ കാഴ്ച മറയ്ക്കുന്ന വെളുത്ത പാടുകള്‍ ഉണ്ടായേക്കാം.

ഗ്ലൂക്കോമ
നേത്രഗോളത്തിനുള്ളില്‍ നിറഞ്ഞിരിക്കുന്ന ദ്രാവകം കെട്ടിനിന്ന് നേത്രഗോളത്തിനുള്ളില്‍ സമ്മര്‍ദ്ദമുണ്ടാക്കി നേത്രപടലത്തിലെ നാഡികളെ നശിപ്പിച്ച് കാഴ്ച നഷ്ടപ്പെടുത്തുന്ന ഗുരുതരമായ രോഗമാണ് ഗ്ലൂക്കോമ. തിമിരം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ അന്ധത ഉണ്ടാക്കുന്ന രോഗമാണിത്.

സഹജമായി തന്നെ ജനനാന്തരം ചിലരില്‍ ഗ്ലൂക്കോമ ഉണ്ടാകാറുണ്ട്. കാഴ്ച മങ്ങുക, ശക്തമായ വേദന, ചുവപ്പ്, കണ്ണുനീര്‍ സ്രാവം, വെളിച്ചത്തിലേക്കു നോക്കുവാനുള്ള ബുദ്ധിമുട്ട്, ഓക്കാനം, ഛര്‍ദ്ദി ഇവയാണ് രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍.

ആയുര്‍വേദത്തില്‍ ‘അതിമന്ദം’ എന്ന രോഗലക്ഷണവുമായി ചേര്‍ത്താണ്് ഗ്ലക്കോമയെ കണക്കാക്കുന്നത്. മരുന്നുവച്ചു കെട്ടല്‍ (പിണ്ഡി), ധാര, ഔഷധസേവ, ലീച്ച് തെറാപ്പി എന്നിവ സംയോജിപ്പിച്ചുള്ള ചികിത്സ ഇതിന് നല്‍കുന്നു.

കണ്‍കുരു
ആയുര്‍വേദത്തില്‍ ‘അഞ്ജനപിടക’ എന്നപേരില്‍ കണ്‍കുരുരോഗം അറിയപ്പെടുന്നു. വേദനയോടും, ചുവപ്പു നിറത്തോടും, ഉണ്ടാകുന്ന പഴുപ്പു നിറഞ്ഞ കുരുക്കളാണിത്. ഇത് കുട്ടികളില്‍ കൂടുതലായി കാണുന്നു.

കണ്‍പോളയിലെ രോമകൂപങ്ങളിലെ അണുബാധയാണിതിനു കാരണം. കണ്ണ് വൃത്തിയായി സൂക്ഷിക്കുക, അഴുക്കു പുരണ്ട കൈകൊണ്ട് കണ്ണില്‍ സ്പര്‍ശിക്കാതിരിക്കുക, മത്സ്യം, മുട്ട, ഉഴുന്ന്, തൈര്, മുളക് ഇവയുടെ ഉപയോഗം രോഗം വഷളാക്കിയേക്കാം.

നീര്‍കെട്ടും വേദനയും അകറ്റാന്‍ കറുത്ത വട്ട് അരച്ചു പുരട്ടാം. ഉള്ളില്‍ മരുന്നു കഴിക്കേണ്ടതാണ്. സ്ഥിരമായി ഈ രോഗം വരുന്നവര്‍ പ്രതിരോധത്തിനായി മരുന്നു കഴിച്ച് കണ്‍കുരു മാറ്റിയെടുക്കാം.

കൃഛ്രോന്മീലനം
കണ്‍പോളയിലെ പേശികള്‍ക്ക് ബലം നഷ്ടപ്പെട്ട് അയഞ്ഞു തൂങ്ങി കണ്ണു തുറക്കാന്‍ കഴിയാത്ത അവസ്ഥയാണിത്. ഒരു കണ്ണില്‍ മാത്രമായോ, രണ്ട് കണ്ണിലും ചേര്‍ന്നോ വരാവുന്നതാണ്. ജന്മനാതന്നെയോ വാര്‍ധക്യം മൂലമോ രോഗം ഉണ്ടാകാം.

കൂടാതെ തലച്ചോറിലുണ്ടാകുന്ന മുഴകള്‍, ‘മയസ്തീനീയ ഗ്രാവിദ്ധ’ എന്ന രോഗം ഇവയും രോഗകാരണമാണ്. നസ്യം, തൈലധാര, നെയ് സേവ, വ്യായാമം ഇവകൊണ്ട് പരിഹരിക്കാം. ചിലപ്പോള്‍ ശസ്ത്രക്രിയയിലൂടെ പരിഹരിക്കേണ്ടതായി വരും.

സിറോഫ്താല്‍മിയ
വൈറ്റമിന്‍ – എ യുടെ കുറവുകൊണ്ട് കണ്ണിനുണ്ടാകുന്ന വരള്‍ച്ചയാണിത്. തന്മൂലം ദൃഷ്ടി പടലത്തിന് അണുബാധ, പരുപരുപ്പ്, ദ്വാരം വീഴുക തുടങ്ങിയ കാരണങ്ങള്‍ മൂലം അന്ധതവന്നേക്കാം. ഇലക്കറികള്‍, കാരറ്റ്, പഴങ്ങള്‍ തവിടുള്ള ധാന്യങ്ങള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

ശുഷ്‌കാന്ധത
കണ്ണിനുണ്ടാകുന്ന വരള്‍ച്ചയാണ് ശുഷ്‌കാന്ധത. തുടര്‍ച്ചയായി വായിക്കുന്നവരിലും കംപ്യൂട്ടര്‍ ഉപയോഗിക്കുന്നവരിലും രോഗം കൂടുതലായി കാണുന്നു. കണ്ണില്‍ കരുകരുപ്പ്, വെള്ളം നിറയുക, ചുവപ്പ് തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍.

കണ്ണിന് ഇടയ്ക്കിടെ വിശ്രമം നല്‍കുക, ഇടവിട്ടിടവിട്ട് കണ്ണുകള്‍ അടച്ചു തുറക്കുക, ഇടയ്ക്കിടെ കണ്ണ് കഴുകുക, തലയില്‍ എണ്ണ തേക്കുക. ഉറങ്ങുന്നതിനു മുമ്പായി ജീവന്ത്യാദിഘൃതം തുടങ്ങിയ ഔഷധങ്ങള്‍ വൈദ്യ നിര്‍ദേശപ്രകാരം കഴിക്കാവുന്നതാണ്.

കുംഭിക
കണ്‍പോളകളില്‍ വേദനയില്ലാതെ കാണുന്ന കുരുക്കളാണിത്. കണ്‍പോളകളിലുള്ള സ്‌നേഹഗ്രന്ധികളുടെ സ്രവങ്ങള്‍ക്ക് തടസം നേരിടുന്നതുകൊണ്ട് അവകെട്ടി നിന്ന് വീര്‍ത്തുണ്ടാകുന്നതാണ് ഈ രോഗം. കുംഭികപോളകളുടെ വക്കില്‍ നിന്നും അകത്തായിരിക്കും ഉണ്ടാകുക. പ്രത്യേകം ചികിത്സ ആവശ്യമില്ല.

ഏതാനും ദിവസങ്ങള്‍ കൊണ്ട് അപ്രത്യക്ഷമാകും. കൈത്തലം കൊണ്ട് ചൂടുപിടിപ്പിക്കുകയോ, കൈലേസോ, ചെറിയ തുണിയോ കൊണ്ട് ചെറുതായി ചൂടു നല്‍കിയാല്‍ ഇവ ചുരുങ്ങിപ്പോകുന്നതാണ്. അപൂര്‍വമായി മാത്രമേ ശസ്ത്രക്രിയ വേണ്ടിവരുന്നുള്ളൂ.

ഡയബെറ്റിക് റെറ്റിനോപ്പതി
പ്രമേഹബാധയുടെ ഭാഗമായി കാലപഴക്കം കൊണ്ട് നേത്രപടലത്തിലെ രക്തക്കുഴലുകള്‍ ഭേദിച്ച് രക്തം പുറത്തുവന്ന് കാഴ്ച മങ്ങുന്നതിനു കാരണമാകുന്നു. പ്രമേഹം കൃത്യമായി നിയന്ത്രിച്ചു നിര്‍ത്തുകയാണ് പ്രതിവിധി. നേത്രരോഗങ്ങള്‍ വരാതിരിക്കാനുള്ള പ്രതിരോധ നടപടികള്‍ സ്വീകരിക്കുക.

വര്‍ഷം തോറും കാഴ്ച പരിശോധന, നേത്രപടലം പരിശോധിക്കുക റെറ്റിനയിലെ രക്ത ധമനികള്‍ക്ക് ആരോഗ്യം നിലനിര്‍ത്താനായി ത്രിഫല, തേന്‍ ഇവ സ്ഥിരമായി കഴിക്കുക. നെല്ലിക്ക, പുഷ്‌കരമൂലം, നീര്‍മരുത് ഇവയുടെ ഉപയോഗം രക്ത കുഴലുകളുടെ ആരോഗ്യം നിലനിര്‍ത്തുന്നു.

ആഴ്ചയില്‍ മൂന്നു ദിവസമെങ്കിലും ഇളനീര്‍ കുഴമ്പ് കണ്ണിലെഴുതുക. തലയില്‍ ധാര, കണ്ണില്‍ ഔഷധങ്ങള്‍ ചേര്‍ത്ത നെയ്തളം കെട്ടിനിര്‍ത്തുക (തര്‍പ്പണം), ഔഷധസേവ തുടങ്ങിയ ചികിത്സകള്‍ ഫലപ്രദമാണ്.

നേത്രകാചം അഥവാ ലെന്‍സിന് പ്രകാശകിരണം കടത്തിവിടുവാന്‍ കഴിയാതെ വരുന്ന അവസ്ഥയാണിത്. വാര്‍ധക്യത്തിലാണ് ഇതുണ്ടാകുന്നത്. അപൂര്‍വമായി ജന്മനാതന്നെ തിമിരം കാണാറുണ്ട്.

വ്യക്തത കുറഞ്ഞു കാണുക, ചെറിയതുപോലെ വെളിച്ചം കാണുക, നിറങ്ങള്‍ ചുവപ്പ്, മഞ്ഞ നിറത്തില്‍ കാണുക കടുത്തരോഗാവസ്ഥയില്‍ ദൃഷ്ടി കറുപ്പു നിറം മാറി വെളുപ്പു നിറത്തില്‍ കാണുക തുടങ്ങിയവ രോഗലക്ഷണങ്ങളാണ്.

ലെന്‍സിന് പുകനിറം വന്നാല്‍ അതുമാറി കൃത്രിമ ലെന്‍സ് വയ്ക്കുന്നതാണ് ഇപ്പോഴത്തെ രീതി. തിമിരമുണ്ടാകാതിരിക്കാന്‍ മധ്യവയസിലെ ശ്രമിക്കുക എന്നതാണ് ആയുര്‍വേദ സമീപനം.

40 വയസു മുതല്‍ ആഴ്ചയില്‍ മൂന്നു ദിവസമെങ്കിലും ഇളനീര്‍ കുഴമ്പ് കണ്ണിലെഴുതി ചൂടുവെള്ളത്തില്‍ കഴുകുക, ത്രിഫല, നെയ്യ്, തേന്‍ ഇവയുടെ മിശ്രിതം രാത്രിയില്‍ കഴിക്കുക, അള്‍ട്രാവയലറ്റ് രശ്മികള്‍ കണ്ണിലേല്‍കാതിരിക്കാന്‍ സണ്‍ഗ്ലാസ് ഉപയോഗിക്കുക, കംപ്യൂട്ടര്‍, ടി.വി ഇവയുടെ ഉപയോഗം കുറയ്ക്കുക, പ്രമേഹം നിയന്ത്രിച്ചു നിര്‍ത്തുക.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!