ബയോമെട്രിക് വിവരങ്ങൾ കൈമാറിയിട്ടില്ലെന്ന് യുഐഡിഎഐ

ദില്ലി: ആധാറിനായി സ്വീകരിച്ച ബയോമെട്രിക് വിവരങ്ങൾ അന്വേഷണ ഏജൻസികൾക്ക് പോലും കൈമാറിയിട്ടില്ലെന്ന് യുഐഡിഎഐ. സുപ്രീം കോടതിയിലെ പവർ പോയിന്റ് പ്രസന്റേഷനിൽ യുഐഡിഎഐ സിഇഒയാണ് ഇക്കാര്യം അറിയിച്ചത്.

ദേശീയ അന്വേഷണ ഏജൻസികൾ കഴിഞ്ഞ ഒന്നര വർഷത്തിനിടെ ഒരിക്കൽ പോലും വിവരങ്ങൾ ആവശ്യപ്പെട്ടിട്ടില്ല. പ്രപഞ്ചം നിലനിൽക്കുന്നിടത്തോളം ആധാർ വിവരങ്ങൾ ഹാക്ക് ചെയ്യുക അസാധ്യമെന്നും യുഐഡിഎഐ വ്യക്തമാക്കി.

ബയോമെട്രിക് വെരിഫൈ ചെയ്യാൻ ആകാത്തതിന്റെ പേരിൽ ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുന്നില്ലേ എന്ന് സുപ്രീം കോടതി ചോദിച്ചു.  എന്തുകൊണ്ടാണ് 49,000 സ്വകാര്യ എൻറോൾമെന്റ് ഏജൻസികളുടെ അംഗീകാരം റദ്ദാക്കിയതെന്ന് കോടതി.

ആധാറിനെ കുറിച്ച് കോടതി മുറിയിൽ സാങ്കേതിക അവതരണത്തിന് യു.ഐ.ഡി.എക്ക് സുപ്രീംകോടതി അനുമതി നൽകിയിരുന്നു. ആധാര്‍ വിവരങ്ങൾ സുരക്ഷിതമാണെന്ന് സ്ഥാപിക്കാൻ യു.ഐ.ഡി.എയെ അനുവദിക്കണമെന്ന അറ്റോര്‍ണി ജനറലിന്‍റെ അഭ്യര്‍ത്ഥന അംഗീകരിച്ചാണ് സുപ്രീംകോടതി തീരുമാനം.

ആധാര്‍ എല്ലാ മേഖലകളിലേക്കും നിര്‍ബന്ധമാക്കുന്നത് മൗലിക അവകാശങ്ങളുടെ ലംഘനമാണെന്നും ആധാറിനായി ശേഖരിക്കുന്ന വിവരങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാനുള്ള സംവിധാനങ്ങളില്ലെന്നും ഹര്‍ജിക്കാര്‍ വാദിച്ചിരുന്നു.

ഇത് തെറ്റാണെന്നും ആധാര്‍ വിവരങ്ങൾ 10 അടി വീതിയുള്ള ചുവരുകൾക്കുള്ളിലാണ് സൂക്ഷിച്ചിരിക്കുന്നതെന്നും അറ്റോര്‍ണി ജനറൽ കെ.കെ.വേണുഗോപാൽ ഇന്നലെ വാദിച്ചിരുന്നു.

ആധാര്‍ വിവരങ്ങൾ സുരക്ഷിതമാണെന്ന് കോടതി മുറിയിൽ നേരിട്ട് തെളിയിക്കാൻ യു.ഐ.ഡി.എക്ക് അനുമതി നൽകണമെന്നും അറ്റോര്‍ണി ജനറൽ ആവശ്യപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!