ഹാദിയ കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയില്‍

ദില്ലി: ഒരിടവേളയ്ക്ക് ശേഷം ഹാദിയ കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിക്ക് മുന്നിലെത്തുകയാണ്. വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് ഷെഫിന്‍ ജഹാന്‍ നല്‍കിയ ഹര്‍ജിയാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്. കേസില്‍ സുപ്രീംകോടതി കക്ഷി ചേര്‍ത്ത ഹാദിയ കഴിഞ്ഞ ദിവസം വിശദമായ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു.

വീട്ടുതടങ്കലില്‍ കഴിയവേ വീട്ടുകാര്‍ ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തിയതായി സത്യവാങ്മൂലത്തില്‍ ഹാദിയ ആരോപിക്കുന്നു. അതോടൊപ്പം തന്റെ പരാതി കേള്‍ക്കാന്‍ തയ്യാറാകാതിരുന്ന കോട്ടയം പൊലീസ് മേധാവിക്കെതിരെയും തന്നെ അപായപ്പെടുത്താന്‍ വീട്ടില്‍ ശ്രമം നടന്നിരുന്നതായും ഹാദിയ സത്യവാങ്മൂലത്തില്‍ പറയുന്നു. തന്റെ അനുമതിയില്ലാതെ ഫോട്ടോയെടുത്ത രാഹുല്‍ ഈശ്വറിനെതിരെയും ഹാദിയ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.

ഷെഫിന്‍ ജഹാനുമായുള്ള വിവാഹബന്ധം റദ്ദാക്കിയ ഹൈക്കോടതി വിധി റദ്ദ് ചെയ്യണമെന്നും തന്നെ ഷെഫിന്റെ ഭാര്യയായി ജീവിക്കാന്‍ അനുവദിക്കണമെന്നുമാണ് ഹാദിയ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അപേക്ഷിച്ചിരിക്കുന്നത്.

ഹാദിയയുടെ വെളിപ്പെടുത്തല്‍ പുറത്ത് വന്നതിന് പുറകേ അച്ഛന്‍ അശോകന്‍ ഹാദിയയെ സിറിയയിലേക്ക് കൊണ്ടുപോയി ലൈംഗിക അടിമയാക്കുകയാണ് ഷെഫിന്‍ ജഹാന്റെയും സൈനബയുടെയും ലക്ഷ്യമെന്ന ആരോപണവുമായി രംഗത്തെത്തിയിരുന്നു. മകള്‍ ഇസ്ലാംമതം സ്വീകരിച്ചതില്‍ എതിര്‍പ്പില്ലെന്നും മകളുടെ സുരക്ഷയാണ് അച്ഛനായ തന്റെ പ്രശ്‌നമെന്നും അശോകന്‍ സത്യവാങ്മൂലത്തില്‍ പറഞ്ഞു. ഇന്ന് സുപ്രീംകോടതിയില്‍ കേസ് പരിഗണിക്കാനിരിക്കേയായിരുന്നു ഇരുവരുടെയും വെളിപ്പെടുത്തലുകള്‍ പുറത്ത് വന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!